2010, ജൂലൈ 24, ശനിയാഴ്‌ച

എന്റെ എളാപ്പ

എളാപ്പ മരിച്ചു.

ഉമ്മ വളരെ ലാഘവത്തോടെയാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. ഞാന്‍ വിഷമിക്കേണ്ടെന്നു കരുതിയാകും. എന്നാലും...അവസാനമായി എനിക്ക്് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോ കണ്ണു നീറി. മുറിയില്‍ അടച്ചിരുന്ന് കരഞ്ഞു. അല്ലാതെ എനിക്കെന്തു ചെയ്യാന്‍ കഴിയും?.

ആരായിരുന്നു എനിക്ക് എളാപ്പ. ഒന്നോര്‍ത്താ ആരുമല്ല. എന്നാല്‍ ആരൊക്കെയോ ആയിരുന്നു താനും രാമചന്ദ്ര മേനോന്‍ എന്ന എന്റെ പഴയ അയല്‍വാസി. വാപ്പയുടെ സുഹൃത്ത്. കുട്ടിക്കാലത്തെ എന്റെ കൂട്ടുകാരന്‍.

വെളുത്തു കുറിയ ശരീരവും, ചെറിയ താടിയും.. എന്നാലും എളാപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ആ ചുവന്ന കണ്ണുകളാണ്. അതെ.. അപൂര്‍വമായി മാത്രമേ എളാപ്പയെ മദ്യപിക്കാത്ത നിലയില്‍ കണ്ടിരുന്നുള്ളു.. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്. എളാപ്പ. വാപ്പയുടെ അനിയനെയാണ് മുസ്ലീംങ്ങള്‍ അങ്ങനെ വിളിച്ചിരുന്നത്. എന്തു കൊണ്ടാന്നറിയില്ല ഞാന്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചത്.


' എളാപ്പാടെ ചിന്നുക്കുട്ടി അല്ലേടീ നീ'. കുഴഞ്ഞെതെങ്കിലും കൃത്യമായ ഭാഷയില്‍ സംസാരിക്കുമായിരുന്നു എളാപ്പ. എന്റെ നാലാം ക്ലാസ് പഠനം വരെ ഞങ്ങള്‍ അഞ്ചപ്പാലം എന്ന ഗ്രാമത്തില്‍ എളാപ്പയുടെ അയല്‍വാസികളായി തുടര്‍ന്നു. എന്റെ കുട്ടിക്കാലം വല്ലാത്തതായിരുന്നു. വീടിനടുത്തൊന്നും എന്റെ പ്രായത്തിലുള്ള കുട്ടികള്‍ ഇല്ലാത്തതു തന്നെ കാരണം. പിന്നെ ഒരാളുണ്ട്. അവിടേക്കു പോകാന്‍ വല്യ താത്പര്യമില്ലായിരുന്നു. അവര്‍ നായര്‍ കുടുംബമായതിനാല്‍ എന്നെ അകറ്റിയേ നിര്‍ത്തൂ. അയിത്തം ബാധിച്ച പോലുള്ള പെരുമാറ്റം കാരണം ഞാനെപ്പോഴും അകന്നു തന്നെ നിന്നു. ആകെയുള്ള ആശ്വാസമായിരുന്നു എളാപ്പയും ഭാര്യ വത്സല ചേച്ചിയും. അവര്‍ക്ക് ഒരു മോനേയുള്ളൂ. അതു കൊണ്ടു തന്നെ എന്നോടു രണ്ടു പേര്‍ക്കും വല്ലാത്ത വാത്സല്യമാണ്. ആ വീട്ടില്‍ എനിക്ക് സര്‍വസ്വാതന്ത്രവും തന്നു.

പ്രധാന ആകര്‍ഷണം പിറകിലെ ജാതിത്തോട്ടവും ബബ്ലൂസ് നാരകമരവും റൂബിക്ക (പൗഷപ്പുളി)യുമാണ്. ഞാന്‍ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാകും. ഉപ്പിലിട്ട റൂബിക്കയും ശര്‍ക്കരയും തിന്നാന്‍. പിന്നെ എളാപ്പയോടൊപ്പം പറമ്പിലേക്കിറങ്ങും. പറമ്പു നനയ്ക്കാന്‍. ഓരോ തടത്തിലേക്കും കൈയാലകളില്‍ കൂടി വെള്ളം ഒലിച്ചിറങ്ങുന്ന കാണാന്‍ എന്തു ചന്തമാണെന്നോ.. ഒരു തടം നിറയുമ്പോള്‍ കൈക്കോട്ട് കൊണ്ട് മണ്ണു വെട്ടി അവിടേക്കുള്ള വഴി അടയ്ക്കും. പിന്നെ അടുത്ത തടത്തിലേക്കുള്ള വഴി തുറക്കും. അവിടെ നിറഞ്ഞു കഴിയുമ്പോ അടുത്തത്. ശരിക്കും ഒരു റയില്‍പ്പാളം പോലെ.. ഓരോ സ്ഥലത്തേക്കു പോകാന്‍ ട്രയിന്റെ ട്രാക്ക് തിരിക്കുന്ന പോലെ കൈയാലയും തിരിക്കും. എവിടെയെങ്കിലും തടം പൊളിയുന്നതു നോക്കുന്നത്് എന്റെ ജോലിയാണ്. തടം പൊട്ടിയാല്‍ ഞാന്‍ ഉറക്കെ കൂവും. കൂവല്‍ കേട്ട് കൈക്കോട്ടും കൊണ്ട് എളാപ്പ ഓടിവരും.

പറമ്പിന്റെ അങ്ങേ അറ്റത്തായാണു കുളം. ഇടയ്ക്ക് വാപ്പയും ഞാനും കൂടി അവിടേക്കു കുളിക്കാന്‍ പോകും. പതിവായി പോയിരുന്നത് പടിഞ്ഞാറേലെ കാഞ്ചന അമ്മൂമ്മേടെ വീട്ടിലെ കുളത്തിലായിരുന്നു. എന്നെ നീന്താന്‍ പഠിപ്പിച്ച കുളം അതാണ്. എളാപ്പയുടെ വീട്ടിലെ കുളം വെട്ടാണു രസം. വേറൊന്നും കൊണ്ടല്ല. കുളം വെട്ടുമ്പോ കുളക്കക്കകളെ കിട്ടും. സാധാരണ കക്കയല്ല. വലിയ കക്കയാണു. കല്ലുമ്മക്കായ പോലെ. എന്നാല്‍ അതല്ല താനും. കുളം കോരുമ്പോ ചെളിയുടെ കൂടെ കക്കയും പോരും. അതു പെറുക്കലാണു ജോലി. ചെളിയാക്കി ചെന്നാല്‍ ഉമ്മാടെ തല്ല് ഉറപ്പ്. എന്നാലും അതൊരു രസമല്ലേ. ഉമ്മാടെ ചീത്ത കേക്കാതിരിക്കാന്‍ എന്നെ വീട്ടില്‍ കൊണ്ടാക്കിയിരുന്നത് എളാപ്പയായിരുന്നു.

ഓണം വരുന്വോഴാണ് രസം. എളാപ്പയുടെ വീടിനു മുന്നില്‍ ഒരു പഠിപ്പുരയുണ്ട്. നാലു കിളിവാതിലുള്ള പഠിപ്പുര. ഓണത്തിന് അവിടെ നിന്ന് മുറ്റം വരെ കളം എഴുതി അങ്ങേയറ്റത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. കൈപ്പത്തി അരിമാവില്‍ മുക്കി വാതിലില്‍ അടയാളം പതിക്കും. കൂടെ എന്റെ കുഞ്ഞുകൈപ്പത്തിയും കാണും. എനിക്കു ഓണക്കോടിയും കിട്ടും.

എളാപ്പയ്ക്കും വത്സല ചേച്ചിക്കും എന്നോടുള്ള വാത്സല്യം കാരണം ഉണ്ണിച്ചേട്ടന് കുശുമ്പായിരുന്നു. ഉമ്മാടെ കൈയില്‍ നിന്ന് എനിക്ക് തല്ലു വാങ്ങിത്തരാനുള്ള അവസരങ്ങള്‍ ഒരുക്കുക മൂപ്പരുടെ ഹോബിയാണ്. വെക്കേഷന്‍ കാലത്ത് വത്സല ചേച്ചിയുടെ ചേട്ടന്റെ മകള്‍ സൗമ്യ അവിടെ വന്നു നിക്കും. സൗമ്യ വന്നാല്‍പിന്നെ ഉണ്ണിച്ചേട്ടന്‍ അവളുമായി ചേര്‍ന്ന് എന്നോട് വഴക്കിടുക പതിവാണ്. മിക്കപ്പോഴും കളിക്കാന്‍ ചെല്ലുന്ന ഞാന്‍ തിരികെ വീട്ടിലെത്തുന്നത് അടി കിട്ടി കരഞ്ഞു കൊണ്ടാകും. പിന്നെ കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍ താവളം മാറ്റും. കാഞ്ചന അമ്മൂമ്മേടെ വീട്ടിലുമുണ്ട് ഒരുണ്ണിച്ചേട്ടന്‍. ഈ ചേട്ടനെ ഞാന്‍ കറുത്തുണ്ണി എന്നും എളാപ്പാടെ ഉണ്ണിയെ വെളുത്തുണ്ണി എന്നുമാണ് വിളിച്ചിരുന്നത്. എളുപ്പം തിരിച്ചറിയാനേ.. എന്നെ കാണാതാകുമ്പോള്‍ എളാപ്പ വരും. ' എളാപ്പേടെ ചിന്നൂ എന്താ വരാത്തേ' എന്നും ചോദിച്ച്. വിളി കേക്കാന്‍ കാത്തിരുന്ന പോലെ ഞാന്‍ ആ കൂടെ പോകും. എന്നെ കടയില്‍ കൊണ്ടു പോകും. മിഠായി വാങ്ങിത്തരും. എന്നാലും അതൊന്നുമല്ല, എളാപ്പയെ മറക്കാന്‍ കഴിയാത്ത സംഭവം.

അന്ന് അഞ്ചപ്പാലത്തെ വല്യ വീട്ടുകാരായിരുന്നു പോളക്കുളത്തുകാര്‍. അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായ പറയെടുപ്പ് അവര്‍ ഗംഭീരമായാണ് നടത്തുക. പറയെടുപ്പ് കാണാന്‍ പോകുമ്പോള്‍ എന്നേയും കൂട്ടും എളാപ്പ. ഒരിക്കല്‍ പറയെടുപ്പ് നടക്കുമ്പോ എളാപ്പ ചോദിച്ചു.

' നിനക്ക്് ആനപ്പുറത്തു കേറണോ?'.

ഞാന്‍ ആദ്യം തലകുലുക്കി. പിന്നെ ആനയെ ശരിക്കു നോക്കിയപ്പോ വേണ്ട എന്നു പറയാന്‍ താമസിച്ചില്ല. എളാപ്പ വിട്ടില്ല.

' എന്നാ നിന്റെ പേടി ഇപ്പോ മാറ്റാം' എന്നു പറഞ്ഞ് പാപ്പാന്റെ കൈയിലേക്കു എന്നെ കൊടുത്തു. അയാള്‍ എന്നെ തോളിലിരുത്തി ആനയുടെ മോളിലേക്ക് വലിഞ്ഞുകയറി. എന്നിട്ട് ആനയുടെ തലയുടെ പിന്നിലായി എന്നെ ഇരുത്തി. പടച്ചോനേ.. ഞാന്‍ കാറിയ ഒരു കാറല്‍. ഒരു നിമിഷം പോലും വേണ്ടി വന്നില്ല. ഞാന്‍ താഴെയെത്താന്‍. എന്നാലും അത്തരമൊരനുഭവം എന്നെപ്പോലെയുള്ള ഒരു പെണ്ണിനു ഒരിക്കലും മറക്കാന്‍ കഴിയില്ല.. പിന്നെയൊരിക്കലും അത്തരമൊന്ന് ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല.

അടുത്തുള്ള വീടുകളില്‍ കല്യാണത്തിനു പോകുന്നത് എളാപ്പാടെ കൂടെയാണ്. മഴക്കാലത്തുള്ള കല്യാണം കൂടലാണ് രസം. അന്ന് ഇന്നത്തപ്പോലെ ഓഡിറ്റോറിയത്തില്‍ കല്യാണം നടത്തുന്നത് ചുരുക്കം. ഓലപ്പുര കൊണ്ടുള്ള പന്തലാകും മിക്കയിടത്തും. അപൂര്‍വമായേ ടര്‍പ്പോളിന്‍ ഷീറ്റ് കൊണ്ടുള്ള പന്തല്‍ കാണൂ. അങ്ങനെയുള്ള പന്തലില്‍ മഴക്കാലത്ത് കല്യാണം കൂടി. മഴയുടെ ശക്തി കൂടി. പന്തല്‍ ചോരാന്‍ തുടങ്ങി. വിളമ്പുന്ന ഇലയില്‍ സാമ്പാറിനേക്കാള്‍ കൂടുതലായി മഴവെള്ളം. എന്നാലും തീറ്റയ്ക്ക് ആള്‍ക്കാര്‍ക്ക് ഒരു കുറവുമില്ല. എന്നെയാരോ ഉന്തിത്തള്ളി ഒരു സീറ്റിലിരുത്തി. അവിടെയാണേ പെരുമഴ. പെട്ടെന്ന് എനിക്കു മാത്രം മഴയില്ല. എന്താ. എളാപ്പ എന്റെ സദ്യയ്ക്കു മേല്‍ കുട വിരിച്ചു. അതു കണ്ടപ്പഴാന്നു തോന്നുന്നു ബാക്കിയുള്ളോര്‍ക്കും ബോധം വന്നത്. പിന്നെ എല്ലാ സീറ്റിലും കുടകള്‍ നിവര്‍ന്നു. സദ്യ കെങ്കേമമായി നടക്കുവേം ചെയ്തു.

നാലാം ക്ലാസ് അവസാനത്തോടെയാണ് ഞങ്ങള്‍ പുതിയ വീട്ടിലേക്കു താമസം മാറിയത്. യാത്ര പറയാനായിരുന്നു വിഷമം. എളാപ്പയുടെ കണ്ണുകളില്‍ സങ്കടം നിറഞ്ഞു നിന്നു. എല്ലാവര്‍ക്കും നല്ല അയല്‍വാസികളെ പിരിയുന്ന വിഷമം. പി്ന്നീട് ഞങ്ങള്‍ താമസം മാറിയ സ്ഥലത്തൊന്നും അത്തരം നല്ല അയല്‍വാസികളെ കിട്ടിയിട്ടേ ഇല്ല. നല്ല മനുഷ്യര്‍ അപൂര്‍വമാണെന്നത് എത്ര സത്യം. താമസം മാറിയതിനു ശേഷം ഇടക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങള്‍ സന്ദര്‍ശനം തുടര്‍ന്നു. പിന്നെ കുറഞ്ഞു. എന്നാലും ബന്ധം മുറിച്ചിരുന്നില്ല. കൂടിക്കാഴ്ചകള്‍ കുറഞ്ഞു എന്നേയുള്ളൂ. പിന്നീട് എന്റെ കല്യാണത്തിനു തലേന്നാണ് എളാപ്പയെ കാണുന്നത്. രണ്ടു പേര്‍ താങ്ങിയാണ് വന്നത്. അവശനിലയില്‍ ആയിരുന്നു. കിടപ്പിലായിട്ടും എനിക്ക്് എന്റെ ചിന്നുമോളുടെ കല്യാണത്തിനു പോണം എന്ന വാശിയാണ് തലേദിവസമെങ്കിലും എന്നെ കാണാന്‍ എത്തിച്ചത്. ഞാനങ്ങു വലുതായല്ലോ എന്ന മട്ടില്‍ എന്നെ വാത്സല്യത്തോടെ നോക്കിയ നോട്ടം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് ഒരിക്കല്‍ കൂടി അവിടെ പോയി. പഴയ പഠിപ്പുരയ്ക്കു പകരം സാധാരണ ഗേറ്റ്്. ജാതിത്തോട്ടമില്ല. വീടിനകം മുഴുവന്‍ പരിഷ്‌കരിച്ചിരിക്കുന്നു. എങ്കിലും മാറ്റമില്ലാത്തതായി എന്റെ എളാപ്പ മാത്രം. അതായിരുന്നു എന്റെ അവസാന കാഴ്ച. ആ എളാപ്പയാണ് മരിച്ചെന്നു പറയുന്നത്. എന്റെ വാപ്പയെക്കൂടാതെ എന്നെ സ്വന്തം മകളായി തന്നെ കണ്ട ഒരാള്‍.

2010, ജൂൺ 8, ചൊവ്വാഴ്ച

തൃക്കണാമതിലകം എന്ന മതിലകം

ഒരിക്കല്‍ കളം വരച്ചു കളിക്കാന്‍ കല്ലു പെറുക്കുന്നതിനിടയിലാണ് ആദ്യമായി അതെന്റെ കൈയിലെത്തുന്നത്. കണ്ടാല്‍ ഇപ്പോഴത്തെ ചിരാതു പോലെ തോന്നും. എന്നാല്‍ ചിരാതല്ല താനും. ഒരു ആകൃതിയൊന്നുമില്ലാത്ത എന്തോ ഒന്ന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ പറമ്പു നിറച്ചും കാണാം അത്തരം ചിരാതുകള്‍. പിന്നെ അതിനോട് സാമ്യമുള്ള പലതരം കല്ലുകള്‍. ഞാന്‍ നേരെ കളിസംഘത്തിനടുത്തേക്കു പാഞ്ഞു. എനിക്കു കിട്ടിയ അപൂര്‍വ കല്ലിനെ കാണിക്കാന്‍. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച പോലത്തെ അമ്പരപ്പൊന്നും കണ്ടില്ല. മൂത്തുമ്മാടെ മോളാണ് പറഞ്ഞത്. ''ശ്ശ്! ആരോടും പറയല്ലേ.. നമ്മുടെ തറവാടിനു കീഴെ ഒരു അമ്പലംണ്ട്‌ത്രേ.. പണ്ടത്തെ സന്യാസിമാരുടെയാണു പോലും. ഉരുള്‍പൊട്ടലില്‍ താണു പോയതാത്രേ. ആരോടെങ്കിലും പറഞ്ഞാലേ നമ്മടെ വീട് പൊളിച്ചു കളയുംന്ന്'

' അയ്‌ന് നിന്നോടാരാ പറഞ്ഞേ.. അമ്പലംണ്ട്ന്ന്.. '

'എന്റുമ്മ പറഞ്ഞതാടീ കാളീ..'

പിന്നെ ഞങ്ങള്‍ ആ പറമ്പു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ഓരോ തരത്തില്‍ വ്യത്യസ്തങ്ങളായ കല്ലുകള്‍. ചിലതില്‍ വെട്ടും കുറീം വരേം.. തകര്‍ന്നു കിടക്കുന്ന ഭരണികള്‍.. കരിങ്കല്ലു കൊണ്ടുണ്ടാക്കിയ സംഭരണി പോലെയുള്ളവ... ചെറിയ ചെറിയ കല്ലുകള്‍ പെറുക്കി കയ്യില്‍ വെച്ച് ഞങ്ങളതിനെ അവലോകനം ചെയ്യും. നടന്ന് നടന്ന് വടക്കേലെ എളീമാടെ വീടു വരെയെത്തി.

' നിക്ക് നിക്ക്... ആ വേലീന്റെ അപ്പുറത്തേക്ക് ഇപ്പോ പോണ്ട..'

' എന്തേയ്'

' അതിന്‍പ്പുറത്ത് കുളാണ്. ഉച്ച സമയത്ത് അങ്ങ്ട്ട്ക്ക് പോണ്ടാന്നാണു ഉമ്മ പറഞ്ഞേക്ക്‌ണേ'

'അതെന്താ ഇത്താ'

' നിന്റൊരു സംശയം. ഞാന്‍ പറഞ്ഞിട്ട് നിങ്ങള്‍ പേടിച്ചാലേ എനിക്ക് തല്ലു കിട്ടും'

' ഇല്ലാന്ന്. ഞങ്ങളു പേടിക്കില്ല.പറയ്'

' ഉറപ്പാന്നോ?'

' ഹാം.'

' അതേയ്.. ആ കുളമില്ലേ.. ആ സന്യാസിമാരുടെ കുളമാ.. ഈ നേരത്ത് അങ്ങ്ട് പോയാ.. കുളത്തീന്ന് സ്വര്‍ണനിറത്തിലുള്ള ആന പൊങ്ങിവരുംത്രേ.. കേട്ടാ ചങ്ങല കിലുങ്ങണ ശബ്ദം..'

പിന്നെ നിന്നില്ല. ഉമ്മറത്തെത്തിയപ്പോഴാണു ശ്വാസം വീണത്. നേരെ ഉമ്മാടെ അടുത്ത് ചെന്നു പതുങ്ങി. ഉമ്മ കാര്യം തിരക്കി.. സംഭവം പറഞ്ഞപ്പോ ഉമ്മ ചിരിച്ചു. എന്നിട്ട് എന്നേം കൂട്ടി മുറ്റത്തേക്കിറങ്ങി. ആ്ദ്യം അരകല്ല്, പിന്നെ ചവിട്ടുപടി, അലക്കുകല്ല്, പിന്നെയും എന്തൊക്കെയോ കാണിച്ചു തന്നു. എന്നിട്ടു പറഞ്ഞു. ' ഇതൊക്ക ഇവിടുന്ന് കുഴിച്ചു കിട്ടിയ കല്ലുകളാണ്. ഇത്താത്ത പറഞ്ഞു തന്നത് ശരിയാണ്. കഥയൊക്ക ഉമ്മ രാത്രി പറഞ്ഞു തരണ്ട്.' ഞാന്‍ ആ അരകല്ലിനെ നോക്കി. '' പടച്ചോനെ, പഴയ ഈ കല്ല്്മ്മല്ട്ടാണാ അരക്ക്‌ണേ.. അയ്യേ..'

രാത്രി ഉമ്മാടെ വായില്‍ നിന്ന് മതിലകത്തിന്റെ കഥ വീഴുന്നതു വരെ ഒരു സമാധാനമില്ലായിരുന്നു. ഉമ്മ ആറാംക്ലാസില്‍ പഠിക്കുമ്പോഴാത്രേ ആദ്യായി അവിടെ ഖനനത്തിനു ആള്‍ വരുന്നത്. എത്രയോ നാള്‍ നീണ്ട ഖനനം. മുറ്റം നിറയെ വലിയ വലിയ കുഴികള്‍. അതില്‍ നിന്ന് പലതരം സാധനങ്ങള്‍ പുറത്തേക്കു വരുന്നു. മഹാശിലായുഗകാലത്തെ നന്നങ്ങാടികള്‍, തൊപ്പിക്കല്ല്, പിന്നെ വിഗ്രഹങ്ങള്‍, ശില്‍പങ്ങള്‍, ചിരാതുകള്‍... ഞാന്‍ ഉമ്മാന്റെ വായിലോട്ട് കൂര്‍പ്പിച്ചു നോക്കി.

കുളത്തിന്റെ കാര്യം ഉമ്മായും ഇുത്താത്തമാരും ചെറുപ്പം മുതലേ കേട്ട കഥയാണ്. പക്ഷേ, ആ കുളം അമ്പലക്കുളം തന്നെയായിരുന്നു എന്നതിന് സംശയമില്ല. 48 പടവുകളായിരുന്നത്രേ അതിന്. ഉമ്മാടെ ചെറുപ്പകാലത്ത് 18 ആയി ചുരുങ്ങി. ശരിയാണ് ഇത്ത പറഞ്ഞത്. തറവാടിരുന്ന സ്ഥലവും പ്രദേശവും, എന്തിന് മതിലകത്തിന്റെ പല ഭാഗങ്ങളും പണ്ട് ആ ക്ഷേത്രം നിന്നിരുന്നതായിരുന്നു. തൃക്കണാമതിലകത്തെ ജൈനക്ഷേത്രം. മഹാശിവക്ഷേത്രമായിരുന്നെന്നും തര്‍ക്കമുണ്ട്. എന്തായാലും കഥ ഇങ്ങനെ. മതിലകം എന്ന സ്ഥലപ്പേരില്‍ ഇന്നറിയപ്പെടുന്ന തൃക്കണാമതിലകത്തിനു പല പേരുകളായിരുന്നു. ഇളങ്കോവടികളുടെ ചിലപ്പതികാരത്തില്‍ കുണവായ്‌ക്കോട്ടം എന്നും, ഗുണപുരം എന്ന് ശുകസന്ദേശത്തിലും, ഗുണക എന്ന് കോകസന്ദേശത്തിലും പറഞ്ഞിരിക്കുന്നു. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് ജൈനമതാനുയായി ആയിരുന്നതിനാലും അദ്ദേഹത്തിന്റെ ആസ്ഥാനം കുണവായ്‌ക്കോട്ടം ആയിരുന്നു എന്നതിനാലുമാകാം അവിടം ഒരു ജൈനമതകേന്ദ്രം ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നത്. 11ാം ശതകത്തില്‍ അവിടെ പ്രസിദ്ധമായ ശിവക്ഷേത്രമുണ്ടായിരുന്നുവെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വച്ച് വളരെ പ്രധാനമെന്നു പറയപ്പെടുന്ന ഇവിടത്തെ ശിവക്ഷേത്രത്തെ 'പെരും കോവില്‍' എന്നാണ് കോകസന്ദേശത്തില്‍ പറയുന്നത്. തൃക്കണാമതിലകത്തെ തകര്‍ന്ന ശിവക്ഷേത്രത്തിലെ ഭീമാകാരമായ ശിവലിംഗം ഡച്ചുകാര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി കുറെനാള്‍ കടല്‍ക്കരയില്‍ ഊന്നുകുറ്റിയായി ഉപയോഗിച്ചിരുന്നു. 1759ല്‍ ഇംഗ്‌ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നാല്‍ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നുപോലും അവിടെ ഇല്ലാതിരുന്നത് മുന്‍കാലത്ത് അവിടം ജൈനമത കേന്ദ്രം ആയിരുന്നതു കൊണ്ടാകാം എന്നു തന്നെയാണ് കൂടുതല്‍ ചരിത്രകാരന്മാരുടെയും അഭിപ്രായം. പക്ഷേ, അവിടെ നിന്നു കിട്ടിയ തെളിവുകളില്‍ ജൈനമതത്തിന്റേയും ശൈവമതത്തിന്റേയും അവശിഷ്ടങ്ങള്‍ വെച്ച് ഭൂരിഭാഗം പേരും എത്തിയ നിഗമനം ഇതാണ്. ജൈന-ബൗദ്ധമതങ്ങള്‍ക്കു, ക്ഷേത്രങ്ങള്‍ക്കു ഹൈന്ദവമതത്തിന്റെ ആധിപത്യത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നശിച്ചു പോകയാണ് സംഭവിച്ചത്. കാലക്രമത്തില്‍ അവരുടെ ക്ഷേത്രങ്ങള്‍ ഹൈന്ദവരുടേതായി. തൃക്കണാമതിലകത്തെ ജൈനക്ഷേത്രത്തിനു സംഭവിച്ചതും അതു തന്നെയാണെന്നാണ് മതിലകത്തുകാരുടെയും വിശ്വാസം. ഇപ്പോഴും ഇവിടെ പല സ്ഥലങ്ങളില്‍ നിന്ന് വീടിനു വേണ്ടിയോ കിണറിനു വേണ്ട്യോ കുഴിയെടുക്കുമ്പോ എന്തേലുമോക്കെ പൊന്തി വരും.

ഉമ്മ പറഞ്ഞു നിര്‍ത്തിയിട്ട് എന്നെ നോക്കി. 'വലുതാകുമ്പോ മോള്‍ക്ക് കൂടുതല്‍ മനസ്സിലാകും.' ഞാന്‍ തലകുലുക്കി. പിന്നെ സ്വപ്‌നം കാണാന്‍ തുടങ്ങി.

അന്ന് രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിക്കരഞ്ഞു.

2010, മേയ് 24, തിങ്കളാഴ്‌ച

തറവാട് വീട്

കുട്ടിക്കാലത്ത് ഉമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര ഒരാഘോഷമായിരുന്നു. മതിലകം പോലീസ് സ്‌റ്റേഷന്‍ സ്‌റ്റോപ്പില്‍ ബസിറങ്ങി കിഴക്കുംപുറത്തേക്കുള്ള വളഞ്ഞും പുളഞ്ഞുമുള്ള ഇടവഴി ചെന്നവസാനിക്കുന്നത് തറവാട്ടിലാണ്. ഉമ്മായുടെ വീട്ടുകാരെല്ലാം തറവാടിനെ 'അങ്ങ്' ( അങ്ങ്ക്ക് പോകാം അങ്ങ്ട് പോകാം എന്നര്‍ത്ഥത്തിലാവാം) അല്ലെങ്കില്‍ കിഴക്കുംപുറം എന്ന് വിശേഷിപ്പിച്ചു പോന്നു. ഞാന്‍ ചെല്ലുമ്പോഴേക്കും അവിടെ മറ്റു കുസൃതികള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. വെല്ലുമ്മാക്ക് ഉമ്മായടക്കം ഒമ്പത് മക്കളാണ്. അവരില്‍ ഓരോരുത്തര്‍ക്കും മൂന്നും നാലും വീതം കൂട്ടികളും. ആകെക്കൂടി ബഹളമയം. കൂട്ടത്തില്‍ കുറുമ്പി ഞാനായിരുന്നു. കൂടുതല്‍ ശുണ്ഠി പിടിപ്പിക്കാനായി എല്ലാരും എന്നെ ഉമ്മുക്കുല്‍സു എന്നു വിളിച്ചു കളിയാക്കും. അങ്ങനെ വിളിക്കുന്നത് എനിക്കു തീരെ ഇഷ്ടമല്ലായിരുന്നു. ഉമ്മുക്കുല്‍സു വരുന്നുണ്ടേ എന്ന് ദൂരെ നിന്ന് എന്നെ കാണുമ്പാഴേ മൂത്തുമ്മമാരുടെ (ഉമ്മയുടെ ഇത്താത്തമാര്‍) മക്കള്‍ വിളിച്ചു കൂവും.

ചെന്ന് കയറിയാ പിന്നെ ലഹളയാണ്. ആദ്യം തട്ടിന്‍പുറത്തേക്ക് ഓടും. കൂട്ടു(ഉമ്മായുടെ നേരെ മൂത്ത ഇത്തായുടെ മകന്‍) വിന്റെ കളിസാമാനങ്ങള്‍ പെറുക്കാന്‍. അപ്പോഴേക്കും ആലുവക്കാരെത്തും. ആലുവയിലെ മൂത്തുമ്മാനേം മക്കളേം അങ്ങനാ വിളിക്കുന്നത്. പിന്നെ നേരെ കൂട്ടം കൂടി പിറകിലുള്ള പാടത്തേക്കു നീങ്ങും. പുഴവക്കിലെ വെളുത്ത പാടു കാട്ടിത്തന്ന് കൂട്ടത്തിലെ കാരണവര്‍ പറയും. 'അത് കൊക്കിനെ വെടിവെച്ചിട്ട പാടാ'.

'കൊക്കിന്റെ ചോര അയ്‌ന് വെളുത്തിട്ടാ'

' കൊക്ക് വെളുത്തിട്ടല്ലേടീ പോത്തേ.. അപ്പോ ചോരേം വെളുത്തിട്ടന്നെ''. പ്രസിത്ത വിശദീകരണം തരും.

തറവാടിനു തെക്കുവശം നിറയെ കശുമാവാണ്. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വലിയ കശുമാങ്ങകള്‍ നിറയെ പൂത്തു കിടക്കും. നേരം വെളുത്താല്‍ ആദ്യം ഓടുക കശുമാവിന്‍തോപ്പിലേക്കാണ്. മൂകളിലേക്കു നോക്കി കൊതിയിറക്കാനേ കഴിയൂ. മാവ് പൂവിടുമ്പോഴേ വിറ്റു കഴിഞ്ഞിരിക്കും. നിലത്തു വീണ മാങ്ങയും കശുവണ്ടിയും പെറുക്കാനേ എപ്പോഴും കഴിഞ്ഞിട്ടുള്ളൂ. കൊതി മൂത്ത് എങ്ങാനും തോണ്ടിയാല്‍ അപ്പോഴറിയും വിവരം. പിന്നെ വെല്ലുമ്മാടെ വക നോട്ടം, ഉമ്മാടെ വക ഭീഷണി, ബാക്കിയുള്ളോരുടെ ചീത്ത. അതിനാല്‍ കഴിവതും അത്തരം സാഹസങ്ങള്‍ക്കു മുതിരുക കുറവാണ്. പിന്നെ ആകെയുള്ള ആശ്വാസം പുറകിലെ പുളിമരവും ചാഞ്ഞുകിടക്കുന്ന പേരമരവുമാണ്. പേരമരത്തിലൂടെ കൂട്ടൂന്റെ വാലായി ഓടിക്കയറി അവിടിരുന്നാകും പുളിതീറ്റ. വീണു കഴിഞ്ഞാല്‍ പണി കിട്ടും. താഴെ ചെങ്കല്ലു നിറഞ്ഞ മുറ്റമായതിനാല്‍ വീഴ്ച ഗംഭീരമായിരിക്കും. കൂട്ടത്തിലുള്ള പെണ്‍വര്‍ഗങ്ങളൊന്നും മരംകേറില്ല. ഞാനൊഴികെ. ഉമ്മുക്കുല്‍സുവിനൊപ്പം ' മരംകേറി', ' അഞ്ചണ്ടിക്കാളി' എന്നീ പേരുകള്‍ കൂടി എനിക്കു പതിച്ചു കിട്ടി. ചാഞ്ഞു കിടക്കുന്ന ഏതു മരം കണ്ടാലും പിന്നെ എങ്ങനേലും അതിന്റെ കൊമ്പിലെത്താനാകും ധൃതി.

ഉപ്പ( ഉമ്മയുടെ ഉപ്പ) ഉള്ളപ്പോഴായിരുന്നു രസം. പെരുന്നാളിന് എല്ലാ മക്കളേം വിളിക്കും. സ്‌കൂള്‍പൂട്ടിന് എത്താത്തവര്‍ എന്തായാലും അന്നത്തെ ദിവസം കാണും. നടുലകത്ത് പായ ഇരുവശവും നീര്‍ത്തി വാഴയിലയില്‍ നല്ല ചൂടന്‍നെയ്‌ച്ചോറും ഇറച്ചിക്കറിയും തേങ്ങയരച്ചു വെച്ച പരിപ്പും പപ്പടവും. വാഴയില സംഘടിപ്പിക്കുന്നത് ഞങ്ങള്‍ പിള്ളേരുടെ ജോലിയാണ്. പറമ്പില്‍ നിന്നും പിന്നെ വടക്കേലെ എളീമാടെ വീട്ടില്‍ നിന്നും വാഴയില വെട്ടാനിറങ്ങും. പിന്നെ പതിവു പോലെ അടി, ഇടി ഒക്കെയായി കഴിയും.

ഉപ്പ മരിക്കുമ്പോ എനിക്ക് നാലു വയസ്സാണ്. ഉമ്മറത്ത് വെള്ള പുതച്ച് ഉപ്പ നീണ്ടു നിവര്‍ന്നു കിടന്നു. വീട്ടില്‍ നിറയെ ആളുകള്‍.' ഉപ്പാ'. ഞാന്‍ ചെന്നു വിളിച്ചപ്പോ ആരോ പറഞ്ഞു '' മോള് അപ്പുറത്തേയ്ക്ക് പൊയ്‌ക്കോ'. ഞാന്‍ ഉമ്മാടെ അടുത്തു ചെന്നു ചോദിച്ചു. ' എന്താണുമ്മാ ഉപ്പ എണീക്കാത്തേ? '. കരച്ചിലിനിടയിലും ഉമ്മ പറഞ്ഞു.

'ഉപ്പാനെ ശല്യപ്പെടുത്തല്ലേ മോളേ. ഉപ്പ ഉറങ്ങ്വാണ്.'



ഉപ്പ മരിച്ചതോടെ പെരുന്നാളാഘോഷങ്ങള്‍ നിന്നു. വെക്കേഷനുകള്‍ വീട്ടില്‍ തന്നെ അടച്ചിട്ടു. ഇന്ന് കശുമാവിന്‍ തോപ്പില്ല. പാടവും കൊക്കുമില്ല. എന്തിന് തറവാടു തന്നെയില്ലാതായി. തറവാടിന്റെ സ്ഥാനത്ത് ഉമ്മായുടെ മൂത്ത ജ്യേഷ്ഠന്റെ മണിമാളിക ഉയര്‍ന്നു. പിന്നെ എല്ലായിടത്തും സംഭവിച്ചതു തന്നെ ഇവിടേം സംഭവിച്ചു. അനേക വര്‍ഷം ഒരുമിച്ച് കൂട്ടായ്മയോടെ വളര്‍ന്ന മക്കളുടെ ഒത്തൊരുമ ഇല്ലാതായി. സമ്പന്നതയുടെ പുതിയ സംസ്‌കാരത്തിലേക്ക്്് കൂപ്പു കുത്തിയതോടെ സഹോദരങ്ങളെ മറന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഈഗോ തലപൊക്കി. വഴക്കായി. കൈയാങ്കളിയില്‍ വരെ എത്തി നിന്ന വഴക്ക് ഒടുവില്‍ വെല്ലുമ്മയുടെ മരണത്തിലെത്തിച്ചു. എന്തിനധികം? പതുക്കെ വഴക്ക്് ഞങ്ങളിലേക്കും പടര്‍ന്നു. ഉമ്മമാരുടെ വഴക്ക് പൊക്ക്ിപ്പിടിച്ച്് അവരും കണ്ടാല്‍ മുഖം തിരിച്ചു. ഒരാളോട് മിണ്ടിയാല്‍ അടുത്തയാള്‍ പിണങ്ങിപ്പോകും. ഇവരൊക്കെ് ആ ഉമ്മായുടെ വയറ്റില്‍ നിന്നു തന്നെയാണോ വന്നത്? ഭാവിയില്‍ ഇവരുടെ മക്കളും സ്വന്തം കൂടപ്പിറപ്പുകളോട് ഇങ്ങനെ തന്നെയാവില്ലേ പെരുമാറുക.

ഇന്ന് ഉമ്മുക്കുല്‍സു എന്ന വിളി കേള്‍ക്കാന്‍ എനിക്ക് കൊതിയാണ്. കശുമാങ്ങ തോണ്ടി തല്ലു വാങ്ങാനും കൊതിയാണ്. ഇപ്പോള്‍ തോന്നുന്നു വളരേണ്ടായിരുന്നു അല്ലേ??