2010, ജൂലൈ 24, ശനിയാഴ്‌ച

എന്റെ എളാപ്പ

എളാപ്പ മരിച്ചു.

ഉമ്മ വളരെ ലാഘവത്തോടെയാണ് ആ വാര്‍ത്ത എന്നോട് പറഞ്ഞത്. ഞാന്‍ വിഷമിക്കേണ്ടെന്നു കരുതിയാകും. എന്നാലും...അവസാനമായി എനിക്ക്് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോ കണ്ണു നീറി. മുറിയില്‍ അടച്ചിരുന്ന് കരഞ്ഞു. അല്ലാതെ എനിക്കെന്തു ചെയ്യാന്‍ കഴിയും?.

ആരായിരുന്നു എനിക്ക് എളാപ്പ. ഒന്നോര്‍ത്താ ആരുമല്ല. എന്നാല്‍ ആരൊക്കെയോ ആയിരുന്നു താനും രാമചന്ദ്ര മേനോന്‍ എന്ന എന്റെ പഴയ അയല്‍വാസി. വാപ്പയുടെ സുഹൃത്ത്. കുട്ടിക്കാലത്തെ എന്റെ കൂട്ടുകാരന്‍.

വെളുത്തു കുറിയ ശരീരവും, ചെറിയ താടിയും.. എന്നാലും എളാപ്പയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ആ ചുവന്ന കണ്ണുകളാണ്. അതെ.. അപൂര്‍വമായി മാത്രമേ എളാപ്പയെ മദ്യപിക്കാത്ത നിലയില്‍ കണ്ടിരുന്നുള്ളു.. ഓര്‍മ വെച്ച നാള്‍ മുതല്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്. എളാപ്പ. വാപ്പയുടെ അനിയനെയാണ് മുസ്ലീംങ്ങള്‍ അങ്ങനെ വിളിച്ചിരുന്നത്. എന്തു കൊണ്ടാന്നറിയില്ല ഞാന്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിച്ചത്.


' എളാപ്പാടെ ചിന്നുക്കുട്ടി അല്ലേടീ നീ'. കുഴഞ്ഞെതെങ്കിലും കൃത്യമായ ഭാഷയില്‍ സംസാരിക്കുമായിരുന്നു എളാപ്പ. എന്റെ നാലാം ക്ലാസ് പഠനം വരെ ഞങ്ങള്‍ അഞ്ചപ്പാലം എന്ന ഗ്രാമത്തില്‍ എളാപ്പയുടെ അയല്‍വാസികളായി തുടര്‍ന്നു. എന്റെ കുട്ടിക്കാലം വല്ലാത്തതായിരുന്നു. വീടിനടുത്തൊന്നും എന്റെ പ്രായത്തിലുള്ള കുട്ടികള്‍ ഇല്ലാത്തതു തന്നെ കാരണം. പിന്നെ ഒരാളുണ്ട്. അവിടേക്കു പോകാന്‍ വല്യ താത്പര്യമില്ലായിരുന്നു. അവര്‍ നായര്‍ കുടുംബമായതിനാല്‍ എന്നെ അകറ്റിയേ നിര്‍ത്തൂ. അയിത്തം ബാധിച്ച പോലുള്ള പെരുമാറ്റം കാരണം ഞാനെപ്പോഴും അകന്നു തന്നെ നിന്നു. ആകെയുള്ള ആശ്വാസമായിരുന്നു എളാപ്പയും ഭാര്യ വത്സല ചേച്ചിയും. അവര്‍ക്ക് ഒരു മോനേയുള്ളൂ. അതു കൊണ്ടു തന്നെ എന്നോടു രണ്ടു പേര്‍ക്കും വല്ലാത്ത വാത്സല്യമാണ്. ആ വീട്ടില്‍ എനിക്ക് സര്‍വസ്വാതന്ത്രവും തന്നു.

പ്രധാന ആകര്‍ഷണം പിറകിലെ ജാതിത്തോട്ടവും ബബ്ലൂസ് നാരകമരവും റൂബിക്ക (പൗഷപ്പുളി)യുമാണ്. ഞാന്‍ നേരെ ചെല്ലുന്നത് അടുക്കളയിലേക്കാകും. ഉപ്പിലിട്ട റൂബിക്കയും ശര്‍ക്കരയും തിന്നാന്‍. പിന്നെ എളാപ്പയോടൊപ്പം പറമ്പിലേക്കിറങ്ങും. പറമ്പു നനയ്ക്കാന്‍. ഓരോ തടത്തിലേക്കും കൈയാലകളില്‍ കൂടി വെള്ളം ഒലിച്ചിറങ്ങുന്ന കാണാന്‍ എന്തു ചന്തമാണെന്നോ.. ഒരു തടം നിറയുമ്പോള്‍ കൈക്കോട്ട് കൊണ്ട് മണ്ണു വെട്ടി അവിടേക്കുള്ള വഴി അടയ്ക്കും. പിന്നെ അടുത്ത തടത്തിലേക്കുള്ള വഴി തുറക്കും. അവിടെ നിറഞ്ഞു കഴിയുമ്പോ അടുത്തത്. ശരിക്കും ഒരു റയില്‍പ്പാളം പോലെ.. ഓരോ സ്ഥലത്തേക്കു പോകാന്‍ ട്രയിന്റെ ട്രാക്ക് തിരിക്കുന്ന പോലെ കൈയാലയും തിരിക്കും. എവിടെയെങ്കിലും തടം പൊളിയുന്നതു നോക്കുന്നത്് എന്റെ ജോലിയാണ്. തടം പൊട്ടിയാല്‍ ഞാന്‍ ഉറക്കെ കൂവും. കൂവല്‍ കേട്ട് കൈക്കോട്ടും കൊണ്ട് എളാപ്പ ഓടിവരും.

പറമ്പിന്റെ അങ്ങേ അറ്റത്തായാണു കുളം. ഇടയ്ക്ക് വാപ്പയും ഞാനും കൂടി അവിടേക്കു കുളിക്കാന്‍ പോകും. പതിവായി പോയിരുന്നത് പടിഞ്ഞാറേലെ കാഞ്ചന അമ്മൂമ്മേടെ വീട്ടിലെ കുളത്തിലായിരുന്നു. എന്നെ നീന്താന്‍ പഠിപ്പിച്ച കുളം അതാണ്. എളാപ്പയുടെ വീട്ടിലെ കുളം വെട്ടാണു രസം. വേറൊന്നും കൊണ്ടല്ല. കുളം വെട്ടുമ്പോ കുളക്കക്കകളെ കിട്ടും. സാധാരണ കക്കയല്ല. വലിയ കക്കയാണു. കല്ലുമ്മക്കായ പോലെ. എന്നാല്‍ അതല്ല താനും. കുളം കോരുമ്പോ ചെളിയുടെ കൂടെ കക്കയും പോരും. അതു പെറുക്കലാണു ജോലി. ചെളിയാക്കി ചെന്നാല്‍ ഉമ്മാടെ തല്ല് ഉറപ്പ്. എന്നാലും അതൊരു രസമല്ലേ. ഉമ്മാടെ ചീത്ത കേക്കാതിരിക്കാന്‍ എന്നെ വീട്ടില്‍ കൊണ്ടാക്കിയിരുന്നത് എളാപ്പയായിരുന്നു.

ഓണം വരുന്വോഴാണ് രസം. എളാപ്പയുടെ വീടിനു മുന്നില്‍ ഒരു പഠിപ്പുരയുണ്ട്. നാലു കിളിവാതിലുള്ള പഠിപ്പുര. ഓണത്തിന് അവിടെ നിന്ന് മുറ്റം വരെ കളം എഴുതി അങ്ങേയറ്റത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. കൈപ്പത്തി അരിമാവില്‍ മുക്കി വാതിലില്‍ അടയാളം പതിക്കും. കൂടെ എന്റെ കുഞ്ഞുകൈപ്പത്തിയും കാണും. എനിക്കു ഓണക്കോടിയും കിട്ടും.

എളാപ്പയ്ക്കും വത്സല ചേച്ചിക്കും എന്നോടുള്ള വാത്സല്യം കാരണം ഉണ്ണിച്ചേട്ടന് കുശുമ്പായിരുന്നു. ഉമ്മാടെ കൈയില്‍ നിന്ന് എനിക്ക് തല്ലു വാങ്ങിത്തരാനുള്ള അവസരങ്ങള്‍ ഒരുക്കുക മൂപ്പരുടെ ഹോബിയാണ്. വെക്കേഷന്‍ കാലത്ത് വത്സല ചേച്ചിയുടെ ചേട്ടന്റെ മകള്‍ സൗമ്യ അവിടെ വന്നു നിക്കും. സൗമ്യ വന്നാല്‍പിന്നെ ഉണ്ണിച്ചേട്ടന്‍ അവളുമായി ചേര്‍ന്ന് എന്നോട് വഴക്കിടുക പതിവാണ്. മിക്കപ്പോഴും കളിക്കാന്‍ ചെല്ലുന്ന ഞാന്‍ തിരികെ വീട്ടിലെത്തുന്നത് അടി കിട്ടി കരഞ്ഞു കൊണ്ടാകും. പിന്നെ കുറച്ചു ദിവസത്തേയ്ക്ക് ഞാന്‍ താവളം മാറ്റും. കാഞ്ചന അമ്മൂമ്മേടെ വീട്ടിലുമുണ്ട് ഒരുണ്ണിച്ചേട്ടന്‍. ഈ ചേട്ടനെ ഞാന്‍ കറുത്തുണ്ണി എന്നും എളാപ്പാടെ ഉണ്ണിയെ വെളുത്തുണ്ണി എന്നുമാണ് വിളിച്ചിരുന്നത്. എളുപ്പം തിരിച്ചറിയാനേ.. എന്നെ കാണാതാകുമ്പോള്‍ എളാപ്പ വരും. ' എളാപ്പേടെ ചിന്നൂ എന്താ വരാത്തേ' എന്നും ചോദിച്ച്. വിളി കേക്കാന്‍ കാത്തിരുന്ന പോലെ ഞാന്‍ ആ കൂടെ പോകും. എന്നെ കടയില്‍ കൊണ്ടു പോകും. മിഠായി വാങ്ങിത്തരും. എന്നാലും അതൊന്നുമല്ല, എളാപ്പയെ മറക്കാന്‍ കഴിയാത്ത സംഭവം.

അന്ന് അഞ്ചപ്പാലത്തെ വല്യ വീട്ടുകാരായിരുന്നു പോളക്കുളത്തുകാര്‍. അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായ പറയെടുപ്പ് അവര്‍ ഗംഭീരമായാണ് നടത്തുക. പറയെടുപ്പ് കാണാന്‍ പോകുമ്പോള്‍ എന്നേയും കൂട്ടും എളാപ്പ. ഒരിക്കല്‍ പറയെടുപ്പ് നടക്കുമ്പോ എളാപ്പ ചോദിച്ചു.

' നിനക്ക്് ആനപ്പുറത്തു കേറണോ?'.

ഞാന്‍ ആദ്യം തലകുലുക്കി. പിന്നെ ആനയെ ശരിക്കു നോക്കിയപ്പോ വേണ്ട എന്നു പറയാന്‍ താമസിച്ചില്ല. എളാപ്പ വിട്ടില്ല.

' എന്നാ നിന്റെ പേടി ഇപ്പോ മാറ്റാം' എന്നു പറഞ്ഞ് പാപ്പാന്റെ കൈയിലേക്കു എന്നെ കൊടുത്തു. അയാള്‍ എന്നെ തോളിലിരുത്തി ആനയുടെ മോളിലേക്ക് വലിഞ്ഞുകയറി. എന്നിട്ട് ആനയുടെ തലയുടെ പിന്നിലായി എന്നെ ഇരുത്തി. പടച്ചോനേ.. ഞാന്‍ കാറിയ ഒരു കാറല്‍. ഒരു നിമിഷം പോലും വേണ്ടി വന്നില്ല. ഞാന്‍ താഴെയെത്താന്‍. എന്നാലും അത്തരമൊരനുഭവം എന്നെപ്പോലെയുള്ള ഒരു പെണ്ണിനു ഒരിക്കലും മറക്കാന്‍ കഴിയില്ല.. പിന്നെയൊരിക്കലും അത്തരമൊന്ന് ജീവിതത്തില്‍ ഉണ്ടായിട്ടുമില്ല.

അടുത്തുള്ള വീടുകളില്‍ കല്യാണത്തിനു പോകുന്നത് എളാപ്പാടെ കൂടെയാണ്. മഴക്കാലത്തുള്ള കല്യാണം കൂടലാണ് രസം. അന്ന് ഇന്നത്തപ്പോലെ ഓഡിറ്റോറിയത്തില്‍ കല്യാണം നടത്തുന്നത് ചുരുക്കം. ഓലപ്പുര കൊണ്ടുള്ള പന്തലാകും മിക്കയിടത്തും. അപൂര്‍വമായേ ടര്‍പ്പോളിന്‍ ഷീറ്റ് കൊണ്ടുള്ള പന്തല്‍ കാണൂ. അങ്ങനെയുള്ള പന്തലില്‍ മഴക്കാലത്ത് കല്യാണം കൂടി. മഴയുടെ ശക്തി കൂടി. പന്തല്‍ ചോരാന്‍ തുടങ്ങി. വിളമ്പുന്ന ഇലയില്‍ സാമ്പാറിനേക്കാള്‍ കൂടുതലായി മഴവെള്ളം. എന്നാലും തീറ്റയ്ക്ക് ആള്‍ക്കാര്‍ക്ക് ഒരു കുറവുമില്ല. എന്നെയാരോ ഉന്തിത്തള്ളി ഒരു സീറ്റിലിരുത്തി. അവിടെയാണേ പെരുമഴ. പെട്ടെന്ന് എനിക്കു മാത്രം മഴയില്ല. എന്താ. എളാപ്പ എന്റെ സദ്യയ്ക്കു മേല്‍ കുട വിരിച്ചു. അതു കണ്ടപ്പഴാന്നു തോന്നുന്നു ബാക്കിയുള്ളോര്‍ക്കും ബോധം വന്നത്. പിന്നെ എല്ലാ സീറ്റിലും കുടകള്‍ നിവര്‍ന്നു. സദ്യ കെങ്കേമമായി നടക്കുവേം ചെയ്തു.

നാലാം ക്ലാസ് അവസാനത്തോടെയാണ് ഞങ്ങള്‍ പുതിയ വീട്ടിലേക്കു താമസം മാറിയത്. യാത്ര പറയാനായിരുന്നു വിഷമം. എളാപ്പയുടെ കണ്ണുകളില്‍ സങ്കടം നിറഞ്ഞു നിന്നു. എല്ലാവര്‍ക്കും നല്ല അയല്‍വാസികളെ പിരിയുന്ന വിഷമം. പി്ന്നീട് ഞങ്ങള്‍ താമസം മാറിയ സ്ഥലത്തൊന്നും അത്തരം നല്ല അയല്‍വാസികളെ കിട്ടിയിട്ടേ ഇല്ല. നല്ല മനുഷ്യര്‍ അപൂര്‍വമാണെന്നത് എത്ര സത്യം. താമസം മാറിയതിനു ശേഷം ഇടക്കൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങള്‍ സന്ദര്‍ശനം തുടര്‍ന്നു. പിന്നെ കുറഞ്ഞു. എന്നാലും ബന്ധം മുറിച്ചിരുന്നില്ല. കൂടിക്കാഴ്ചകള്‍ കുറഞ്ഞു എന്നേയുള്ളൂ. പിന്നീട് എന്റെ കല്യാണത്തിനു തലേന്നാണ് എളാപ്പയെ കാണുന്നത്. രണ്ടു പേര്‍ താങ്ങിയാണ് വന്നത്. അവശനിലയില്‍ ആയിരുന്നു. കിടപ്പിലായിട്ടും എനിക്ക്് എന്റെ ചിന്നുമോളുടെ കല്യാണത്തിനു പോണം എന്ന വാശിയാണ് തലേദിവസമെങ്കിലും എന്നെ കാണാന്‍ എത്തിച്ചത്. ഞാനങ്ങു വലുതായല്ലോ എന്ന മട്ടില്‍ എന്നെ വാത്സല്യത്തോടെ നോക്കിയ നോട്ടം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് ഒരിക്കല്‍ കൂടി അവിടെ പോയി. പഴയ പഠിപ്പുരയ്ക്കു പകരം സാധാരണ ഗേറ്റ്്. ജാതിത്തോട്ടമില്ല. വീടിനകം മുഴുവന്‍ പരിഷ്‌കരിച്ചിരിക്കുന്നു. എങ്കിലും മാറ്റമില്ലാത്തതായി എന്റെ എളാപ്പ മാത്രം. അതായിരുന്നു എന്റെ അവസാന കാഴ്ച. ആ എളാപ്പയാണ് മരിച്ചെന്നു പറയുന്നത്. എന്റെ വാപ്പയെക്കൂടാതെ എന്നെ സ്വന്തം മകളായി തന്നെ കണ്ട ഒരാള്‍.