2010, ജൂൺ 8, ചൊവ്വാഴ്ച

തൃക്കണാമതിലകം എന്ന മതിലകം

ഒരിക്കല്‍ കളം വരച്ചു കളിക്കാന്‍ കല്ലു പെറുക്കുന്നതിനിടയിലാണ് ആദ്യമായി അതെന്റെ കൈയിലെത്തുന്നത്. കണ്ടാല്‍ ഇപ്പോഴത്തെ ചിരാതു പോലെ തോന്നും. എന്നാല്‍ ചിരാതല്ല താനും. ഒരു ആകൃതിയൊന്നുമില്ലാത്ത എന്തോ ഒന്ന്. സൂക്ഷിച്ചു നോക്കിയപ്പോള്‍ പറമ്പു നിറച്ചും കാണാം അത്തരം ചിരാതുകള്‍. പിന്നെ അതിനോട് സാമ്യമുള്ള പലതരം കല്ലുകള്‍. ഞാന്‍ നേരെ കളിസംഘത്തിനടുത്തേക്കു പാഞ്ഞു. എനിക്കു കിട്ടിയ അപൂര്‍വ കല്ലിനെ കാണിക്കാന്‍. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ച പോലത്തെ അമ്പരപ്പൊന്നും കണ്ടില്ല. മൂത്തുമ്മാടെ മോളാണ് പറഞ്ഞത്. ''ശ്ശ്! ആരോടും പറയല്ലേ.. നമ്മുടെ തറവാടിനു കീഴെ ഒരു അമ്പലംണ്ട്‌ത്രേ.. പണ്ടത്തെ സന്യാസിമാരുടെയാണു പോലും. ഉരുള്‍പൊട്ടലില്‍ താണു പോയതാത്രേ. ആരോടെങ്കിലും പറഞ്ഞാലേ നമ്മടെ വീട് പൊളിച്ചു കളയുംന്ന്'

' അയ്‌ന് നിന്നോടാരാ പറഞ്ഞേ.. അമ്പലംണ്ട്ന്ന്.. '

'എന്റുമ്മ പറഞ്ഞതാടീ കാളീ..'

പിന്നെ ഞങ്ങള്‍ ആ പറമ്പു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ഓരോ തരത്തില്‍ വ്യത്യസ്തങ്ങളായ കല്ലുകള്‍. ചിലതില്‍ വെട്ടും കുറീം വരേം.. തകര്‍ന്നു കിടക്കുന്ന ഭരണികള്‍.. കരിങ്കല്ലു കൊണ്ടുണ്ടാക്കിയ സംഭരണി പോലെയുള്ളവ... ചെറിയ ചെറിയ കല്ലുകള്‍ പെറുക്കി കയ്യില്‍ വെച്ച് ഞങ്ങളതിനെ അവലോകനം ചെയ്യും. നടന്ന് നടന്ന് വടക്കേലെ എളീമാടെ വീടു വരെയെത്തി.

' നിക്ക് നിക്ക്... ആ വേലീന്റെ അപ്പുറത്തേക്ക് ഇപ്പോ പോണ്ട..'

' എന്തേയ്'

' അതിന്‍പ്പുറത്ത് കുളാണ്. ഉച്ച സമയത്ത് അങ്ങ്ട്ട്ക്ക് പോണ്ടാന്നാണു ഉമ്മ പറഞ്ഞേക്ക്‌ണേ'

'അതെന്താ ഇത്താ'

' നിന്റൊരു സംശയം. ഞാന്‍ പറഞ്ഞിട്ട് നിങ്ങള്‍ പേടിച്ചാലേ എനിക്ക് തല്ലു കിട്ടും'

' ഇല്ലാന്ന്. ഞങ്ങളു പേടിക്കില്ല.പറയ്'

' ഉറപ്പാന്നോ?'

' ഹാം.'

' അതേയ്.. ആ കുളമില്ലേ.. ആ സന്യാസിമാരുടെ കുളമാ.. ഈ നേരത്ത് അങ്ങ്ട് പോയാ.. കുളത്തീന്ന് സ്വര്‍ണനിറത്തിലുള്ള ആന പൊങ്ങിവരുംത്രേ.. കേട്ടാ ചങ്ങല കിലുങ്ങണ ശബ്ദം..'

പിന്നെ നിന്നില്ല. ഉമ്മറത്തെത്തിയപ്പോഴാണു ശ്വാസം വീണത്. നേരെ ഉമ്മാടെ അടുത്ത് ചെന്നു പതുങ്ങി. ഉമ്മ കാര്യം തിരക്കി.. സംഭവം പറഞ്ഞപ്പോ ഉമ്മ ചിരിച്ചു. എന്നിട്ട് എന്നേം കൂട്ടി മുറ്റത്തേക്കിറങ്ങി. ആ്ദ്യം അരകല്ല്, പിന്നെ ചവിട്ടുപടി, അലക്കുകല്ല്, പിന്നെയും എന്തൊക്കെയോ കാണിച്ചു തന്നു. എന്നിട്ടു പറഞ്ഞു. ' ഇതൊക്ക ഇവിടുന്ന് കുഴിച്ചു കിട്ടിയ കല്ലുകളാണ്. ഇത്താത്ത പറഞ്ഞു തന്നത് ശരിയാണ്. കഥയൊക്ക ഉമ്മ രാത്രി പറഞ്ഞു തരണ്ട്.' ഞാന്‍ ആ അരകല്ലിനെ നോക്കി. '' പടച്ചോനെ, പഴയ ഈ കല്ല്്മ്മല്ട്ടാണാ അരക്ക്‌ണേ.. അയ്യേ..'

രാത്രി ഉമ്മാടെ വായില്‍ നിന്ന് മതിലകത്തിന്റെ കഥ വീഴുന്നതു വരെ ഒരു സമാധാനമില്ലായിരുന്നു. ഉമ്മ ആറാംക്ലാസില്‍ പഠിക്കുമ്പോഴാത്രേ ആദ്യായി അവിടെ ഖനനത്തിനു ആള്‍ വരുന്നത്. എത്രയോ നാള്‍ നീണ്ട ഖനനം. മുറ്റം നിറയെ വലിയ വലിയ കുഴികള്‍. അതില്‍ നിന്ന് പലതരം സാധനങ്ങള്‍ പുറത്തേക്കു വരുന്നു. മഹാശിലായുഗകാലത്തെ നന്നങ്ങാടികള്‍, തൊപ്പിക്കല്ല്, പിന്നെ വിഗ്രഹങ്ങള്‍, ശില്‍പങ്ങള്‍, ചിരാതുകള്‍... ഞാന്‍ ഉമ്മാന്റെ വായിലോട്ട് കൂര്‍പ്പിച്ചു നോക്കി.

കുളത്തിന്റെ കാര്യം ഉമ്മായും ഇുത്താത്തമാരും ചെറുപ്പം മുതലേ കേട്ട കഥയാണ്. പക്ഷേ, ആ കുളം അമ്പലക്കുളം തന്നെയായിരുന്നു എന്നതിന് സംശയമില്ല. 48 പടവുകളായിരുന്നത്രേ അതിന്. ഉമ്മാടെ ചെറുപ്പകാലത്ത് 18 ആയി ചുരുങ്ങി. ശരിയാണ് ഇത്ത പറഞ്ഞത്. തറവാടിരുന്ന സ്ഥലവും പ്രദേശവും, എന്തിന് മതിലകത്തിന്റെ പല ഭാഗങ്ങളും പണ്ട് ആ ക്ഷേത്രം നിന്നിരുന്നതായിരുന്നു. തൃക്കണാമതിലകത്തെ ജൈനക്ഷേത്രം. മഹാശിവക്ഷേത്രമായിരുന്നെന്നും തര്‍ക്കമുണ്ട്. എന്തായാലും കഥ ഇങ്ങനെ. മതിലകം എന്ന സ്ഥലപ്പേരില്‍ ഇന്നറിയപ്പെടുന്ന തൃക്കണാമതിലകത്തിനു പല പേരുകളായിരുന്നു. ഇളങ്കോവടികളുടെ ചിലപ്പതികാരത്തില്‍ കുണവായ്‌ക്കോട്ടം എന്നും, ഗുണപുരം എന്ന് ശുകസന്ദേശത്തിലും, ഗുണക എന്ന് കോകസന്ദേശത്തിലും പറഞ്ഞിരിക്കുന്നു. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് ജൈനമതാനുയായി ആയിരുന്നതിനാലും അദ്ദേഹത്തിന്റെ ആസ്ഥാനം കുണവായ്‌ക്കോട്ടം ആയിരുന്നു എന്നതിനാലുമാകാം അവിടം ഒരു ജൈനമതകേന്ദ്രം ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നത്. 11ാം ശതകത്തില്‍ അവിടെ പ്രസിദ്ധമായ ശിവക്ഷേത്രമുണ്ടായിരുന്നുവെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വച്ച് വളരെ പ്രധാനമെന്നു പറയപ്പെടുന്ന ഇവിടത്തെ ശിവക്ഷേത്രത്തെ 'പെരും കോവില്‍' എന്നാണ് കോകസന്ദേശത്തില്‍ പറയുന്നത്. തൃക്കണാമതിലകത്തെ തകര്‍ന്ന ശിവക്ഷേത്രത്തിലെ ഭീമാകാരമായ ശിവലിംഗം ഡച്ചുകാര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി കുറെനാള്‍ കടല്‍ക്കരയില്‍ ഊന്നുകുറ്റിയായി ഉപയോഗിച്ചിരുന്നു. 1759ല്‍ ഇംഗ്‌ളീഷുകാര്‍ ഡച്ചുകാരെ തോല്പിച്ചതിനുശേഷം കമ്പനിക്കാരില്‍ നിന്ന് സാരസ്വത ബ്രാഹ്മണര്‍ ആ ശിവലിംഗം ലേലത്തില്‍ വാങ്ങുകയും തിരുമല ദേവസ്വം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

എന്നാല്‍ അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നുപോലും അവിടെ ഇല്ലാതിരുന്നത് മുന്‍കാലത്ത് അവിടം ജൈനമത കേന്ദ്രം ആയിരുന്നതു കൊണ്ടാകാം എന്നു തന്നെയാണ് കൂടുതല്‍ ചരിത്രകാരന്മാരുടെയും അഭിപ്രായം. പക്ഷേ, അവിടെ നിന്നു കിട്ടിയ തെളിവുകളില്‍ ജൈനമതത്തിന്റേയും ശൈവമതത്തിന്റേയും അവശിഷ്ടങ്ങള്‍ വെച്ച് ഭൂരിഭാഗം പേരും എത്തിയ നിഗമനം ഇതാണ്. ജൈന-ബൗദ്ധമതങ്ങള്‍ക്കു, ക്ഷേത്രങ്ങള്‍ക്കു ഹൈന്ദവമതത്തിന്റെ ആധിപത്യത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നശിച്ചു പോകയാണ് സംഭവിച്ചത്. കാലക്രമത്തില്‍ അവരുടെ ക്ഷേത്രങ്ങള്‍ ഹൈന്ദവരുടേതായി. തൃക്കണാമതിലകത്തെ ജൈനക്ഷേത്രത്തിനു സംഭവിച്ചതും അതു തന്നെയാണെന്നാണ് മതിലകത്തുകാരുടെയും വിശ്വാസം. ഇപ്പോഴും ഇവിടെ പല സ്ഥലങ്ങളില്‍ നിന്ന് വീടിനു വേണ്ടിയോ കിണറിനു വേണ്ട്യോ കുഴിയെടുക്കുമ്പോ എന്തേലുമോക്കെ പൊന്തി വരും.

ഉമ്മ പറഞ്ഞു നിര്‍ത്തിയിട്ട് എന്നെ നോക്കി. 'വലുതാകുമ്പോ മോള്‍ക്ക് കൂടുതല്‍ മനസ്സിലാകും.' ഞാന്‍ തലകുലുക്കി. പിന്നെ സ്വപ്‌നം കാണാന്‍ തുടങ്ങി.

അന്ന് രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിക്കരഞ്ഞു.