2010, മേയ് 24, തിങ്കളാഴ്‌ച

തറവാട് വീട്

കുട്ടിക്കാലത്ത് ഉമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര ഒരാഘോഷമായിരുന്നു. മതിലകം പോലീസ് സ്‌റ്റേഷന്‍ സ്‌റ്റോപ്പില്‍ ബസിറങ്ങി കിഴക്കുംപുറത്തേക്കുള്ള വളഞ്ഞും പുളഞ്ഞുമുള്ള ഇടവഴി ചെന്നവസാനിക്കുന്നത് തറവാട്ടിലാണ്. ഉമ്മായുടെ വീട്ടുകാരെല്ലാം തറവാടിനെ 'അങ്ങ്' ( അങ്ങ്ക്ക് പോകാം അങ്ങ്ട് പോകാം എന്നര്‍ത്ഥത്തിലാവാം) അല്ലെങ്കില്‍ കിഴക്കുംപുറം എന്ന് വിശേഷിപ്പിച്ചു പോന്നു. ഞാന്‍ ചെല്ലുമ്പോഴേക്കും അവിടെ മറ്റു കുസൃതികള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. വെല്ലുമ്മാക്ക് ഉമ്മായടക്കം ഒമ്പത് മക്കളാണ്. അവരില്‍ ഓരോരുത്തര്‍ക്കും മൂന്നും നാലും വീതം കൂട്ടികളും. ആകെക്കൂടി ബഹളമയം. കൂട്ടത്തില്‍ കുറുമ്പി ഞാനായിരുന്നു. കൂടുതല്‍ ശുണ്ഠി പിടിപ്പിക്കാനായി എല്ലാരും എന്നെ ഉമ്മുക്കുല്‍സു എന്നു വിളിച്ചു കളിയാക്കും. അങ്ങനെ വിളിക്കുന്നത് എനിക്കു തീരെ ഇഷ്ടമല്ലായിരുന്നു. ഉമ്മുക്കുല്‍സു വരുന്നുണ്ടേ എന്ന് ദൂരെ നിന്ന് എന്നെ കാണുമ്പാഴേ മൂത്തുമ്മമാരുടെ (ഉമ്മയുടെ ഇത്താത്തമാര്‍) മക്കള്‍ വിളിച്ചു കൂവും.

ചെന്ന് കയറിയാ പിന്നെ ലഹളയാണ്. ആദ്യം തട്ടിന്‍പുറത്തേക്ക് ഓടും. കൂട്ടു(ഉമ്മായുടെ നേരെ മൂത്ത ഇത്തായുടെ മകന്‍) വിന്റെ കളിസാമാനങ്ങള്‍ പെറുക്കാന്‍. അപ്പോഴേക്കും ആലുവക്കാരെത്തും. ആലുവയിലെ മൂത്തുമ്മാനേം മക്കളേം അങ്ങനാ വിളിക്കുന്നത്. പിന്നെ നേരെ കൂട്ടം കൂടി പിറകിലുള്ള പാടത്തേക്കു നീങ്ങും. പുഴവക്കിലെ വെളുത്ത പാടു കാട്ടിത്തന്ന് കൂട്ടത്തിലെ കാരണവര്‍ പറയും. 'അത് കൊക്കിനെ വെടിവെച്ചിട്ട പാടാ'.

'കൊക്കിന്റെ ചോര അയ്‌ന് വെളുത്തിട്ടാ'

' കൊക്ക് വെളുത്തിട്ടല്ലേടീ പോത്തേ.. അപ്പോ ചോരേം വെളുത്തിട്ടന്നെ''. പ്രസിത്ത വിശദീകരണം തരും.

തറവാടിനു തെക്കുവശം നിറയെ കശുമാവാണ്. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വലിയ കശുമാങ്ങകള്‍ നിറയെ പൂത്തു കിടക്കും. നേരം വെളുത്താല്‍ ആദ്യം ഓടുക കശുമാവിന്‍തോപ്പിലേക്കാണ്. മൂകളിലേക്കു നോക്കി കൊതിയിറക്കാനേ കഴിയൂ. മാവ് പൂവിടുമ്പോഴേ വിറ്റു കഴിഞ്ഞിരിക്കും. നിലത്തു വീണ മാങ്ങയും കശുവണ്ടിയും പെറുക്കാനേ എപ്പോഴും കഴിഞ്ഞിട്ടുള്ളൂ. കൊതി മൂത്ത് എങ്ങാനും തോണ്ടിയാല്‍ അപ്പോഴറിയും വിവരം. പിന്നെ വെല്ലുമ്മാടെ വക നോട്ടം, ഉമ്മാടെ വക ഭീഷണി, ബാക്കിയുള്ളോരുടെ ചീത്ത. അതിനാല്‍ കഴിവതും അത്തരം സാഹസങ്ങള്‍ക്കു മുതിരുക കുറവാണ്. പിന്നെ ആകെയുള്ള ആശ്വാസം പുറകിലെ പുളിമരവും ചാഞ്ഞുകിടക്കുന്ന പേരമരവുമാണ്. പേരമരത്തിലൂടെ കൂട്ടൂന്റെ വാലായി ഓടിക്കയറി അവിടിരുന്നാകും പുളിതീറ്റ. വീണു കഴിഞ്ഞാല്‍ പണി കിട്ടും. താഴെ ചെങ്കല്ലു നിറഞ്ഞ മുറ്റമായതിനാല്‍ വീഴ്ച ഗംഭീരമായിരിക്കും. കൂട്ടത്തിലുള്ള പെണ്‍വര്‍ഗങ്ങളൊന്നും മരംകേറില്ല. ഞാനൊഴികെ. ഉമ്മുക്കുല്‍സുവിനൊപ്പം ' മരംകേറി', ' അഞ്ചണ്ടിക്കാളി' എന്നീ പേരുകള്‍ കൂടി എനിക്കു പതിച്ചു കിട്ടി. ചാഞ്ഞു കിടക്കുന്ന ഏതു മരം കണ്ടാലും പിന്നെ എങ്ങനേലും അതിന്റെ കൊമ്പിലെത്താനാകും ധൃതി.

ഉപ്പ( ഉമ്മയുടെ ഉപ്പ) ഉള്ളപ്പോഴായിരുന്നു രസം. പെരുന്നാളിന് എല്ലാ മക്കളേം വിളിക്കും. സ്‌കൂള്‍പൂട്ടിന് എത്താത്തവര്‍ എന്തായാലും അന്നത്തെ ദിവസം കാണും. നടുലകത്ത് പായ ഇരുവശവും നീര്‍ത്തി വാഴയിലയില്‍ നല്ല ചൂടന്‍നെയ്‌ച്ചോറും ഇറച്ചിക്കറിയും തേങ്ങയരച്ചു വെച്ച പരിപ്പും പപ്പടവും. വാഴയില സംഘടിപ്പിക്കുന്നത് ഞങ്ങള്‍ പിള്ളേരുടെ ജോലിയാണ്. പറമ്പില്‍ നിന്നും പിന്നെ വടക്കേലെ എളീമാടെ വീട്ടില്‍ നിന്നും വാഴയില വെട്ടാനിറങ്ങും. പിന്നെ പതിവു പോലെ അടി, ഇടി ഒക്കെയായി കഴിയും.

ഉപ്പ മരിക്കുമ്പോ എനിക്ക് നാലു വയസ്സാണ്. ഉമ്മറത്ത് വെള്ള പുതച്ച് ഉപ്പ നീണ്ടു നിവര്‍ന്നു കിടന്നു. വീട്ടില്‍ നിറയെ ആളുകള്‍.' ഉപ്പാ'. ഞാന്‍ ചെന്നു വിളിച്ചപ്പോ ആരോ പറഞ്ഞു '' മോള് അപ്പുറത്തേയ്ക്ക് പൊയ്‌ക്കോ'. ഞാന്‍ ഉമ്മാടെ അടുത്തു ചെന്നു ചോദിച്ചു. ' എന്താണുമ്മാ ഉപ്പ എണീക്കാത്തേ? '. കരച്ചിലിനിടയിലും ഉമ്മ പറഞ്ഞു.

'ഉപ്പാനെ ശല്യപ്പെടുത്തല്ലേ മോളേ. ഉപ്പ ഉറങ്ങ്വാണ്.'



ഉപ്പ മരിച്ചതോടെ പെരുന്നാളാഘോഷങ്ങള്‍ നിന്നു. വെക്കേഷനുകള്‍ വീട്ടില്‍ തന്നെ അടച്ചിട്ടു. ഇന്ന് കശുമാവിന്‍ തോപ്പില്ല. പാടവും കൊക്കുമില്ല. എന്തിന് തറവാടു തന്നെയില്ലാതായി. തറവാടിന്റെ സ്ഥാനത്ത് ഉമ്മായുടെ മൂത്ത ജ്യേഷ്ഠന്റെ മണിമാളിക ഉയര്‍ന്നു. പിന്നെ എല്ലായിടത്തും സംഭവിച്ചതു തന്നെ ഇവിടേം സംഭവിച്ചു. അനേക വര്‍ഷം ഒരുമിച്ച് കൂട്ടായ്മയോടെ വളര്‍ന്ന മക്കളുടെ ഒത്തൊരുമ ഇല്ലാതായി. സമ്പന്നതയുടെ പുതിയ സംസ്‌കാരത്തിലേക്ക്്് കൂപ്പു കുത്തിയതോടെ സഹോദരങ്ങളെ മറന്നു. കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഈഗോ തലപൊക്കി. വഴക്കായി. കൈയാങ്കളിയില്‍ വരെ എത്തി നിന്ന വഴക്ക് ഒടുവില്‍ വെല്ലുമ്മയുടെ മരണത്തിലെത്തിച്ചു. എന്തിനധികം? പതുക്കെ വഴക്ക്് ഞങ്ങളിലേക്കും പടര്‍ന്നു. ഉമ്മമാരുടെ വഴക്ക് പൊക്ക്ിപ്പിടിച്ച്് അവരും കണ്ടാല്‍ മുഖം തിരിച്ചു. ഒരാളോട് മിണ്ടിയാല്‍ അടുത്തയാള്‍ പിണങ്ങിപ്പോകും. ഇവരൊക്കെ് ആ ഉമ്മായുടെ വയറ്റില്‍ നിന്നു തന്നെയാണോ വന്നത്? ഭാവിയില്‍ ഇവരുടെ മക്കളും സ്വന്തം കൂടപ്പിറപ്പുകളോട് ഇങ്ങനെ തന്നെയാവില്ലേ പെരുമാറുക.

ഇന്ന് ഉമ്മുക്കുല്‍സു എന്ന വിളി കേള്‍ക്കാന്‍ എനിക്ക് കൊതിയാണ്. കശുമാങ്ങ തോണ്ടി തല്ലു വാങ്ങാനും കൊതിയാണ്. ഇപ്പോള്‍ തോന്നുന്നു വളരേണ്ടായിരുന്നു അല്ലേ??

19 അഭിപ്രായങ്ങൾ:

  1. Priyappetta Ummakulusu,
    Good Morning!
    You have written so beautifully based on your own experieces!ou reminded me my schoolmates,Fathima and Kadheeja.
    I have named me Mylanchi in Twitter!:)
    I am happy to inform you tha I have restarted my Malayalam blog.
    http://anupama-sincerlyblogspot.com.blogspot.cm
    Wishing you a wonderful day ahead,
    Sasneham,
    Anu

    മറുപടിഇല്ലാതാക്കൂ
  2. "ഇന്ന് ഉമ്മുക്കുല്‍സു എന്ന വിളി കേള്‍ക്കാന്‍ എനിക്ക് കൊതിയാണ്."
    ചെറിയ പോസ്റ്റാണെങ്കിലും ഗംഭീരമായി പറഞ്ഞു. കൂട്ടുകുടുംബം നഷ്ടപ്പെട്ടതോടെ ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം....ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ വരഞ്ഞത് നല്ല തെളിച്ചത്തോടെ മനസ്സില്‍ തങ്ങിനിന്നു.

    "ഉപ്പ മരിച്ചതോടെ പെരുന്നാളാഘോഷങ്ങള്‍ നിന്നു."
    ഈ ഒരു ചെറിയ പാരഗ്രാഫില്‍ ഒരുപാട് കാര്യങ്ങള്‍ നിരത്തിയത് വളരെ മനോഹരമായി.
    മതിലകം പോലീസ് സ്റ്റേഷന്‍ പേര്‌ കേട്ടതാണ്‌..

    മറുപടിഇല്ലാതാക്കൂ
  3. പകലാ :)
    റാംജി, ജിത്തു അനുപമ നന്ദി

    മറുപടിഇല്ലാതാക്കൂ
  4. കുറഞ്ഞ വരികളിലൂടെ ഒരുപാട് കാര്യങ്ങല്‍ പറഞ്ഞു.! ഉപ്പ മരണപ്പെട്ട ഭാഗം വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ ഒരു വേദന..!! ആ രംഗം മനസ്സില്‍ ശരിക്കും കാണുകയായിരുന്നു. . നാലു വയസ്സുകാരിയുടെ ചോദ്യവും ഭാവവും എല്ലാം .!!

    ഉമ്മുക്കുത്സൂ ,,,,,,…. ഒരു വിളി ഞാനും വിളിക്കാം. കൂട്ടത്തില്‍ ‘മരംകേറീ “ എന്നും :)

    മറുപടിഇല്ലാതാക്കൂ
  5. അഭിപ്രായം പറയുമ്പോള്‍ ഉള്ള ഈ “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കിയാല്‍ നന്നായിരുന്നു. ശ്രദ്ധിക്കുമല്ലോ..!

    മറുപടിഇല്ലാതാക്കൂ
  6. ഹംസക്ക :)

    തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2010, മേയ് 26 10:55 PM

    ഉമ്മുഅമ്മാർ പറഞ്ഞു...
    ഹായി ഉമ്മുകുത്സൂ... ഞാനും ഒന്നു വിളിച്ചതാ നിനക്കു സന്തോഷമായില്ലെ... നമ്മിൽ നിന്നും നഷട്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൂട്ടു കുടുംബം അതിന്റെ സുഖം അവിടെ ഉണ്ടാകുന്ന സന്തോഷം സങ്കടം പരസ്പര സ്നേഹം വേണ്ടപ്പെട്ടവരുടെ വേർപാട് .. എല്ലാം വളരെ നന്നായി പറഞ്ഞതു പോലെ ഇനിയും ധാരാളം എഴുതുക ഇപ്പോള്‍ തോന്നുന്നു വളരേണ്ടായിരുന്നു അല്ലേ? അതെ ആരും ഇഷ്ട്ടപ്പെടുന്ന കാലം കുട്ടിക്കാലമാണു...ആശംസകൾ..
    2010, മേയ് 26 10:54 pm

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, മേയ് 26 10:55 PM

    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. വളരേണ്ട എന്ന് നാം കരുതിയാല്‍ വളരാതിരിക്കില്ല. പക്ഷെ വളരുന്നതിനനുസരിച്ച് ബുദ്ധിയും വളരാത്തതിനാലാണ് മേല്പറഞ്ഞ ഈഗോയും വഴക്കും ഒക്കെ തലപോക്കുന്നത്.
    കൂടുതല്‍ എഴുതുക കുല്സൂ...

    മറുപടിഇല്ലാതാക്കൂ
  10. ഉമ്മുഅമ്മാര്‍ അഭിപ്രായത്തിനു നന്ദി

    ഇസ്മായില്‍ ശരിയാണു താങ്കള്‍ പറഞ്ഞത്.. വളരുന്നതിനനുസരിച്ച് പക്വതയില്ലാത്തതു തന്നെ കാരണം

    മറുപടിഇല്ലാതാക്കൂ
  11. ഈ വാക്കിന്റെ അര്‍ഥം അറിയില്ല..എങ്കിലും നിങ്ങള്ക്ക് കേള്‍ക്കാന്‍ കൊതിയുള്ള ഒരു വിളി ആയതു കൊണ്ട് -- ഉമ്മു ഖുല്സു -- അങ്ങനെ തന്നെ വിളിക്കാന്‍ തോന്നുന്നു...നമ്മള്‍ എല്ലാം നാട്ടില്‍ എത്തുമ്പോള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ഇത്തരം കാര്യങ്ങളുണ്ട്... മതിലകത്ത് നിന്നും ഒരു നീര്‍മാതളം ഇങ്ങനെ വിടര്‍ന്നു വരട്ടെ.
    അവസാനത്തെ പാരഗ്രാഫ് എല്ലാവരുടെയും കണ്ണുകള്‍ തുറപ്പിക്കട്ടെ... എത്രയോ നല്ല ബന്ധങ്ങളെയാണ്, നമ്മുടെ ഈഗോ കാരണം, നാം തകര്‍ത്തു കളയുന്നത്.. അത് തന്നെയല്ലേ നാം, പ്രവാസികള്‍ ആയതിനു ശേഷവും, ഇവിടെയും കാണിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  12. അമ്മുക്കുല്‍സുവിനു ഒരുമ്മ, സുന്ദരന്‍ എഴുത്ത് ട്ടോ,
    പിന്നെ പക്വത, ഞാനെന്നും പറയുന്നതല്ലേ ഇത്? :)

    മറുപടിഇല്ലാതാക്കൂ
  13. മനു മാഷേ,

    ഉമ്മുക്കുല്‍സു എന്നത് മുഹമ്മദ് നബിയുടെ മകളുടെ പേരാണ്. ഈ വഴി വന്നതിനു നന്ദി..

    മുരളീ.. ആദ്യം നിനക്കൊരു അടി.. പിന്നെ താങ്ക്‌സ് :)

    മറുപടിഇല്ലാതാക്കൂ
  14. ഇതു പോലെ കൈവിട്ട് പൊയ രണ്ട് തറവാടുകളെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് ഞാനും ജീവിക്കുന്നത്,ഇപ്പോഴും പല ദിവസങ്ങളിലും അതൊക്കെ സ്വപ്നം കാണാറുമുണ്ട്.

    ഉമ്മുക്കുല്‍സൂ,പഴ വിശേഷങ്ങളൊക്കെ ഇനിയുമെഴുതുക.

    മറുപടിഇല്ലാതാക്കൂ
  15. facebook വഴി ആണ് ഇങ്ങനെ ഒരു ബ്ലോഗിനെ കുറിച്ചറിഞ്ഞത്‌. വളരെ നന്നായിട്ടെഴുതി..
    ..മക്കൾക്ക്‌ പറ്റിയ തെറ്റ് പേരമക്കൾക്ക്‌ തിരുത്താൻ ശ്രമിച്ചൂടെ..?
    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ